Top Stories
റിഹാറ്റ് നിലമ്പൂർ : നിലമ്പൂർ – ചാത്തമുണ്ട പീപ്പിൾസ് വില്ലേജ് നാടിന് സമർപ്പിച്ചു
March 28, 2022
മലപ്പുറം: റീഹാറ്റ് നിലമ്പൂർ പദ്ധതിയുടെ ഭാഗമായി നിലമ്പൂർ – ചാത്തമുണ്ടയിൽ പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിച്ച പീപ്പിൾസ് വില്ലേജ് നാടിന് സമർപ്പിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അദ്ധ്യക്ഷന്‍ എം.ഐ.അബ്ദുല്‍ അസീസ് പീപ്പിൾസ് വില്ലേജ് ഉദ്‌ഘാടനം നിർവഹിച്ചു. ഏറ്റവും അർഹതപ്പെട്ടവരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകി പരസ്പര സഹകരണത്തോടെ സമൂഹ നന്മക്കായി പ്രവർത്തിക്കാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ വീടുകൾ ഗുണഭോക്താക്കളുടെ ഔദാര്യമല്ല അവകാശമാണെന്നും വളരെ ആത്മാഭിമാനത്തോടെ അന്തസുയർത്തി ജീവിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ചടങ്ങിൽ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി അധ്യക്ഷനായിരുന്നു. ബഹു.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ് പ്രസിഡൻറ് ടി.ആരിഫലി എന്നിവർ മുഖ്യാതിഥികളായിരുന്നു. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യ പ്രഭാഷണം നടത്തി. വില്ലേജിന്റെ ഭാഗമായുള്ള കമ്മ്യൂണിറ്റി സെൻറർ ഉദ്‌ഘാടനം പി.വി.അന്‍വര്‍ എം.എല്‍.എ യും, കുടിവെള്ള പദ്ധതി ഉദ്‌ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡൻറ് ഇസ്മായിൽ മൂത്തേടവും നിർവഹിച്ചു.  സമയബന്ധിതമായി വില്ലേജ് നിർമ്മാണം പൂർത്തിയാക്കിയ റാഹിൽ ബിൽഡേഴ്സ് എം.ഡി ഷമീർ, ടെക്‌നിക്കൽ അഡ്വൈസർ അയ്യൂബ് തിരൂർ എന്നിവർക്കുള്ള ഉപഹാര സമർപ്പണം എം.ഐ അബ്ദുൽ അസീസ് നിർവ്വഹിച്ചു.  വില്ലേജിലെ റോഡ് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  പുഷ്പവല്ലി ഉദ്‌ഘാടനം ചെയ്തു. പോത്ത് കല്ല് പുതുതായി നിർമ്മിക്കുന്ന പീപ്പിൾസ് വില്ലേജ് പദ്ധതി രേഖ സമർപ്പണം ഇമ്പക്‌സ് മാനേജിങ് ഡയറക്റ്റർ സി.നുവൈസ് പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ സഫിയാ അലി ക്ക് നൽകി നിർവഹിച്ചു. ബിൾഡോവ വെഞ്ചേഴ്‌സ്, കോ-എർത്ത് ഇനിഷ്യേറ്റിവ് എന്നിവക്കുള്ള ഉപഹാരം പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി സമർപ്പിച്ചു.
നിലമ്പൂര്‍ താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിലെ ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ReHAT NILAMBUR (Rehabilitation and Habitat Arrangement Task). ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെല്‍ഫയര്‍ ട്രസ്റ്റും, പ്രമുഖ ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ ഇംപെക്സ് എന്നിവരുടെ  പങ്കാളിത്തത്തോടെയാണ്  പദ്ധതി നടപ്പിലാക്കിയത്.
രണ്ട് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. രണ്ടാം ഘട്ടത്തില്‍ വാസയോഗ്യമായ ഭൂമിയില്ലാത്തവര്‍ക്ക് വേണ്ടി പീപ്പിള്‍സ് ഫൗണ്ടേഷന്‍, മറ്റ് ഏജന്‍സികളുടെ സഹായത്തോടെ വാങ്ങിയ 1.75 ഏക്കര്‍ ഭൂമിയിലാണ് 27 വീടുകള്‍  നിര്‍മ്മിച്ചു നല്‍കുന്നത്. ഇതുള്‍പ്പടെ റിഹാറ്റ് പദ്ധതിയിലൂടെ ഭവനരഹിതരായ 76 കുടുംബങ്ങള്‍ക്കാണ് വാസയോഗ്യമായ വീടൊരുക്കിയത്. ഭവനരഹിതരും നിരാലംബരുമായ കുടുംബങ്ങളെ സൗകര്യങ്ങളുടെയും സന്തോഷത്തിന്‍റെയും ലോകത്തേക്ക് കൈപ്പിടിച്ചുയര്‍ത്താന്‍ ഈ പദ്ധതിയിലൂടെ പീപ്പിള്‍സ് ഫൗണ്ടേഷന് സാധ്യമായിട്ടുണ്ട്.
സ്വന്തമായി വാസയോഗ്യമായ സ്ഥലമുള്ള എന്നാല്‍ വീടില്ലാത്തവര്‍ക്കുള്ള വീട് നിര്‍മ്മാണവും, പ്രളയത്തില്‍ നഷ്ടം സംഭവിച്ച  നിലമ്പൂര്‍ താലൂക്കിലെ 259 ചെറുകിട കച്ചവടക്കാര്‍ക്ക് സംരംഭങ്ങള്‍ പുനരുദ്ധരിക്കുന്നതിന് ഒരു കോടി രൂപയുടെ ധനസഹായവും റീഹാറ്റ് നിലമ്പൂര്‍ ഒന്നാം ഘട്ട പദ്ധതിയില്‍ നല്‍കുകയുണ്ടായി. ഇതിനു പുറമെ സര്‍ക്കാര്‍ സഹായം ലഭിച്ച 25 കുടുംബങ്ങള്‍ക്ക് വീട് പൂര്‍ത്തീകരിക്കുന്നതിനുള്ള സഹായവും നല്‍കി. അടിസ്ഥാന സൗകര്യ വികസനം,സ്വയം തൊഴില്‍ പദ്ധതികള്‍, പരിസ്ഥിതി സംരക്ഷണം, വാണിജ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, പൊതുസ്ഥലങ്ങള്‍ വികസിപ്പിക്കല്‍ തുടങ്ങിയവയും റീഹാറ്റ് നിലമ്പൂരിന്‍റെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ട്.
ഇംപെക്‌സ് മാനേജിങ് ഡയറക്ടര്‍  സി.നുവൈസ് , വെൽഫെയർ പാർട്ടി സംസ്‌ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.എസ് ജോയി, നിലമ്പൂർ മുൻസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം ബഷീർ, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജയിംസ്, സംസ്‌ഥാന മധ്യ നിരോധന സമിതി സെക്രട്ടറി ഫാ.മാത്യുസ് വട്ടിയാനിക്കൽ, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സലിം എടക്കര, നജാത്തുൽ അനാം അറബിക് കോളേജ് പ്രിൻസിപ്പൽ അലി ശാക്കിർ മുണ്ടേരി, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മലപ്പുറം ജില്ലാ പ്രസിഡൻറ് പി.ഫാത്തിമ, തുടങ്ങിയവർ ആശംസകൾ അർപ്പിച് സംസാരിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം .അബ്ദുൽ മജീദ് റിപ്പോർട്ട് അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡൻറ് സലിം മമ്പാട് സ്വാഗതവും, ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ അലി കരക്കാപറമ്പ് നന്ദിയും പറഞ്ഞു.
Share this post: