Top Stories
ജില്ലയിലെ സ്‌കൂൾ ബസുകളില്‍ സ്ഥിരം സുരക്ഷക്കായി നടപടി: ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍
February 07, 2020

07/02/2020
മലപ്പുറം:സ്‌കൂൾ ബസുകളിൽ സ്ഥിരം സുരക്ഷക്കായി കർശന നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമീഷണർ എം സുരേഷ്. കുറുവ എഎംയുപി സ്‌കൂൾ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സ്‌കൂൾ വാഹനങ്ങളിൽ അപകടം തീരെ ഇല്ലാതാക്കാനുള്ള നടപടിയുണ്ടാകും. വിദ്യാഭ്യാസ വകുപ്പിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ പദ്ധതി ആവിഷ്‌കരിക്കും. സ്‌കൂൾ അധികൃതർ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേരും.
കുറുവ സംഭവത്തിൽ സ്‌കൂൾ അധികൃതർ വീഴ്ച സമ്മതിച്ചിട്ടുണ്ട്. ഡ്രൈവറുടെ അനാസ്ഥ അപകടത്തിന്റെ പ്രധാന കാരണമാണ്. ആയയില്ലാത്ത വാഹനത്തിൽ വിദ്യാർഥികളെ കയറ്റാൻ പാടില്ല. വിദ്യാർഥികൾ സുരക്ഷിതമായി സീറ്റിൽ ഇരുന്നോയെന്ന് ഉറപ്പാക്കാതെയാണ് ഡ്രൈവർ വാഹനമോടിച്ചത്.
ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കും. ദുരന്തനിരവാരണ സമിതിയും നടപടി സ്വീകരിക്കും. അപകടത്തിന്റെ പശ്ചാതലത്തിൽ പ്രത്യേക പരിശോധന തുടരും. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി കുസുമം, മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർടിഒ ടി ജി ഗോകുൽ, പെരിന്തൽമണ്ണ ജോ. ആർടിഒ എൻ വിനയകുമാർ, തൃശൂർ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഷാജി മാധവൻ എന്നിവർ സംഘത്തിലുണ്ടായി.

Share this post: