Top Stories
ജില്ലയിൽ രോഗികൾ കൂടുന്നു; കൂടുതൽ സൗകര്യങ്ങളൊരുക്കാൻ ആരോഗ്യവിഭാഗം
May 06, 2021

06/O5/2021
മലപ്പുറം:കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം അനുദിനം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാനും ചികിത്സ ലഭ്യമാക്കാനും ആഞ്ഞുപിടിച്ച് ജില്ലാ ആരോഗ്യവിഭാഗം. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിതർക്കു വേണ്ടിയുള്ള കിടക്കകൾ 345ൽ നിന്ന് 405 ആക്കി ഉയർത്തി. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ഉള്ള രോഗികൾക്ക് ‍5 വെന്റിലേറ്റർ സൗകര്യത്തോടെ 30 ഓക്സിജൻ കിടക്കയും സജ്ജമാക്കുന്നുണ്ട്.

ഇന്നലെ വൈകിട്ടുവരെയുള്ള കണക്കനുസരിച്ച് കോവിഡ് പോസിറ്റീവ് ആയവർക്കായി 34 സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ആകെ 363 സെൻട്രലൈസ്ഡ് ഓക്സിജൻ കിടക്കകളുള്ളതിൽ 56 എണ്ണം ഒഴിവുണ്ട്. 180 ഐസിയു കിടക്കകളിൽ വെറും ഒൻപതെണ്ണം മാത്രമേ ഒഴിവുള്ളൂ. ആകെ വെന്റിലേറ്ററുകൾ 81. ഒഴിവുള്ളത് വെറും 7. ഇതു കൂടാതെ ആകെ 2,248 കിടക്കകളാണ് കോവിഡ് ബാധിച്ചവർക്കായി ജില്ലയിൽ മാറ്റിവച്ചിരിക്കുന്നത്. ഇതിൽ 841 എണ്ണം ഒഴിവുണ്ട്.

നിലവിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് ജില്ലാ ആരോഗ്യ‌‌‌വിഭാഗം പറയുന്നു. അതേസമയം, കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഓക്‌സിജൻ നിറയ്ക്കാവുന്ന സിലിണ്ടറുകൾ കൈവശമുള്ള സർക്കാർ, ഇതര സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽനിന്ന് സിലിണ്ടറുകൾ പിടിച്ചെടുക്കാൻ കലക്ടർ ഉത്തരവിട്ടിട്ടുണ്ട്. 

Share this post: