Top Stories
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മലപ്പുറത്ത് കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങള്‍
October 02, 2020

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ ലഭിച്ചത് മലപ്പുറം ജില്ലക്ക്.141 സ്‌കൂളുകള്‍ക്ക് 5 കോടി രൂപ വീതം  സംസ്ഥാനത്ത് അനുവദിച്ചപ്പോള്‍  16 സ്‌കൂളുകള്‍ മലപ്പുറത്താണ്. ഇതില്‍ ആറ് സ്‌കൂളുകള്‍  ഇതിനോടകം പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. ബാക്കി സ്‌കൂളുകള്‍ ഉടന്‍ പൂര്‍ത്തിയാവും. ആയിരത്തില്‍പരം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്ക് മൂന്നു കോടി രൂപ അനുവദിച്ചത് 395 സ്‌കൂളുകള്‍ക്കാണ് സംസ്ഥാനത്ത് ആകെ . ഇതില്‍ 86 സ്‌കൂളുകളും മലപ്പുറത്താണ്. ഇതില്‍ ആദ്യ ഘട്ടത്തില്‍ 33 സ്‌കൂളുകള്‍ പണി ആരംഭിച്ചു. നാല് സ്‌കൂളുകള്‍ നേരത്തെ ഉദ്ഘാടനം ചെയ്തു. ആറ് സ്‌കൂളുകള്‍ ഒക്‌ടോബര്‍ മൂന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ബാക്കി സ്‌കൂളുകളും ഉടന്‍ പൂര്‍ത്തിയാക്കുന്ന രീതിയില്‍ പണി പുരോഗമിക്കുന്നു. അത്യാന്താധുനിക സൗകര്യങ്ങളോട് കൂടിയാണ് മുഴുവന്‍ കെട്ടിടങ്ങളും പണി ചെയ്യുന്നത്. 500 ല്‍പരം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളുകള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിച്ചപ്പോള്‍ സംസ്ഥാനത്ത് ആകെ 444 സ്‌കൂളുകളാണ് ഉള്ളതെങ്കില്‍ അതില്‍ 66 സ്‌കൂളുകളും മലപ്പുറത്താണ്. ഇവയുടെ ഡി പി ആര്‍ തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. കിലക്കാണ് നിര്‍മ്മാണ ചുമതല. കൂടാതെ 69 സ്‌കൂളുകളില്‍ പ്ലാന്‍ ഫണ്ട് അനുവദിച്ച് അവിടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
45000 ക്ലാസ് മുറികള്‍ , എട്ടു മുതല്‍ 12 വരെ സ്മാര്‍ട്ട് ക്ലാസ് മുറികളാക്കി മാറ്റിയപ്പോള്‍ അതില്‍ 6800 ക്ലാസ് മുറികളും മലപ്പുറം ജില്ലയിലാണ്. എയ്ഡഡ് , ഗവര്‍മെന്റ് വ്യത്യാസമില്ലാതെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഐ ടി ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഇതിന്റെ ഭാഗമായി  മുഴുവന്‍ അധ്യാപകര്‍ക്കും കഴിഞ്ഞ വര്‍ഷം തന്നെ ഐ ടി പരിശീലനം നല്‍കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചതിനു ശേഷം കഴിഞ്ഞ നാലു വര്‍ഷവും വലിയ തോതില്‍ കുട്ടികളുടെ എണ്ണത്തില്‍ പൊതുവിദ്യാലയങ്ങളില്‍ വര്‍ദ്ധനവുണ്ടായി. ജില്ലയില്‍ ഈ വര്‍ഷം മാത്രം 21650 കുട്ടികളുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.


ഒക്‌ടോബര്‍ 3 ന് ഉദ്ഘാടനം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  9 സ്‌കൂളുകളാണ്  ഒക്‌ടോബര്‍ 3 ന് ജില്ലയില്‍ ഉദ്ഘാടനം ചെയ്യുന്നത്.  ഇതില്‍ ആറ് സ്‌കൂളുകള്‍ക്ക് കിഫ്ബി വഴി മൂന്നു കോടി രൂപ വീതം നല്‍കി. മൂന്ന് സ്‌കൂളുകള്‍ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനമന്ത്രി തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ ഐ എ എസ് സ്വാഗതവും , പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു ഐ എ എസ് നന്ദിയും പറയും.

ഉദ്ഘാടനം ചെയ്യപ്പെടുന്ന സ്‌കൂളുകള്‍
3 കോടി
1. ജി വി എച്ച് എസ് എസ് മഞ്ചേരി- മഞ്ചേരി
2.എം എസ് പി എച്ച് എസ് എസ് മലപ്പുറം – മലപ്പുറം
3. ജി എച്ച് എസ് എസ് പൂക്കോട്ടൂര്‍ – മലപ്പുറം
4. ജി എം എച്ച് എസ് എസ് കാലിക്കറ്റ് യൂണി. ക്യാമ്പസ് – വള്ളിക്കുന്ന്
5. ജി എച്ച് എസ് എസ് എടപ്പാള്‍ – തവനൂര്‍
6. ജി എച്ച് എസ് എസ് തൃക്കാവ്- പൊന്നാനി
പ്ലാന്‍ ഫണ്ട്
1. ജി എം വി എച്ച് എസ് എസ് നിലമ്പൂര്‍ – നിലമ്പൂര്‍
2. ജി യുപിഎസ് വേട്ടേക്കോട് – മഞ്ചേരി
3. ജി എല്‍ പി എസ് ഇരുമ്പൂഴി – മലപ്പുറം

തറക്കല്ലിടുന്ന സ്‌കൂളുകള്‍
1. ജി എച്ച് എസ് എസ് കാട്ടിലങ്ങാടി- താനൂര്‍
2. ജി എച്ച് എസ് എസ് കാവനൂര്‍ – ഏറനാട്
3. ജി വി എച്ച് എസ് എസ് നെല്ലിക്കുത്ത് – മഞ്ചേരി
4. ജി എം വി എച്ച് എസ് എസ് വേങ്ങര ടൗണ്‍ – വേങ്ങര
5. ജി എച്ച് എസ് എസ് പൂക്കോട്ടുംപാടം – നിലമ്പൂര്‍
6. ജി യു പി എസ് മുണ്ടമ്പ്ര – ഏറനാട്
7. ജി എല്‍ പി എസ് കൊമ്പംകല്ല് – മഞ്ചേരി
മന്ത്രി കെ ടി ജലീല്‍, എം എല്‍ എ മാരായ പി വി അന്‍വര്‍, പി. ഉബൈദുള്ള, എം ഉമ്മര്‍, വി. അബ്ദുറഹിമാന്‍,  പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി. കെ. ബഷീര്‍, കെ എന്‍ എ ഖാദര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാരായ  പത്മിനി ഗോപിനാഥ് ( നിലമ്പൂര്‍) സി എച്ച് ജമീല (മലപ്പുറം ) , സുബൈദ ( മഞ്ചേരി), മുഹമ്മദ് കുഞ്ഞി ( പൊന്നാനി) എന്നിവരും വിവിധ സ്‌കൂളുകളില്‍ പങ്കെടുക്കും. 

Share this post: