പൊന്നാനിയിൽ 117 പുതിയ കോവിഡ് രോഗികൾ

24/04/2021
പൊന്നാനി: നഗരസഭയിൽ ഇന്നലെ സ്ഥിരീകരിച്ചത് 117 കോവിഡ് പോസിറ്റീവ് കേസുകൾ. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഉയർന്ന കണക്കാണിത്. ആദ്യ കോവിഡ് ഘട്ടത്തിൽ ജില്ലയിൽ കൂടുതൽ വ്യാപനം നടന്ന പ്രദേശമാണ് പൊന്നാനി. സമീപ പഞ്ചായത്തുകളായ എടപ്പാളിൽ 78 തവനൂർ 69, വട്ടംകുളം 46 എന്നിങ്ങനെയാണ് ഇന്നലെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം.

തുടർച്ചയായ രണ്ടാം ദിനവും ജില്ലയിൽ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം 2,500ന് മുകളിൽ. ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (28.2) റെക്കോർഡ് ഉയരത്തിലെത്തി. ഇന്നലെ മാത്രം 2,671 പേരാണ് ജില്ലയിൽ കോവിഡ് പോസിറ്റീവ് ആയത്. കഴിഞ്ഞദിവസം 2,776 പേരും കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇന്നലെ പോസിറ്റീവ് ആയവരിൽ 2,529 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് കോവിഡ് പകർന്നത്. രോഗ ഉറവിടമറിയാത്തവരുടെ എണ്ണം 75. മറ്റു രോഗബാധിതരിൽ 10 പേർ വിദേശത്തുനിന്നും 57 പേർ ഇതരസംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്.

ഇതുവരെ 643 പേരാണ് കോവിഡ് ബാധിതരായി ജില്ലയിൽ മരിച്ചത്. നിലവിൽ 17,361 പേർ ചികിത്സയിലും 33,796 പേർ നിരീക്ഷണത്തിലുമുണ്ട്. വിദഗ്ധ ചികിത്സയ്ക്കുശേഷം ഇന്നലെ 529 പേർ കൂടി നെഗറ്റീവ് ആയതോടെ ജില്ലയിലെ ഇതുവരെയുള്ള കോവിഡ് മുക്തരുടെ എണ്ണം 1,26,727 ആയി. ജില്ലയിലെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതോടൊപ്പം പ്രതിരോധ നടപടികളുമായി മുന്നോട്ട് പോവുകയാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. സമ്പർക്കമുണ്ടായിട്ടുള്ളവർ പൊതു ഇടങ്ങളിൽ പോകരുതെന്നും വീടുകളിൽത്തന്നെ നിരീക്ഷണത്തിൽ കഴിയണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.സക്കീന അറിയിച്ചു. 

Share this post:

15/02/2020
പൊന്നാനി:സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കളുടെ വില്‍പ്പന നിരോധനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പൊന്നാനി നഗരസഭ ആരോഗ്യ വിഭാഗം വിവിധയിടങ്ങളില്‍ പരിശോധന നടത്തി. കൊല്ലന്‍ പടി, സി.വി ജംങ്്ഷന്‍, ബസ് സ്റ്റാന്‍ഡ്, ചന്തപ്പടി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒന്നര കിന്റല്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പിടിച്ചെടുത്തു. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പര്‍ വാഴയില, ഗ്ലാസ്, തെര്‍മോകോള്‍ പ്ലേറ്റ്, പ്ലാസ്റ്റിക് സ്പൂണ്‍, എച്ച്.എം കവറുകള്‍, ഗാര്‍ബേജ് കവറുകള്‍, പാര്‍സല്‍ ഗ്ലാസ്, പ്ലാസ്റ്റിക് പാര്‍സല്‍ ഷീറ്റ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. നഗരസഭയിലെ ഭൂരിഭാഗം കടകളും നിരോധനവുമായി സഹകരിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി.

പരിശോധനക്കിടെ ചന്തപ്പടി ഭാഗത്തെ ഒരു ബേക്കറിയില്‍ നിന്നും കാലാവധി കഴിഞ്ഞ നാല് പാക്കറ്റ് പാല്‍ കവറുകളും കണ്ടെടുത്തു. സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. പ്ലാസ്റ്റിക് റെയിഡിന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ശ്രീജിത്ത്, ജെ.എച്ച്.ഐ മാരായ ജലീല്‍, ശ്രീവിദ്യ എന്നിവര്‍ നേതൃത്വം നല്‍കി

Share this post:

09/04/2019

പൊന്നാനി: വോട്ടർമാരെ ആവേശത്തേരിലേറ്റി പൊന്നാനി ലോക‌്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിവി അൻവറിന്റെ റോഡ്ഷോ. തിങ്കളാഴ്ച വൈകിട്ടോടെ തെരഞ്ഞെടുപ്പ് ചിഹ്നം കത്രിക ലഭിച്ചതോടെ ആഹ്ലാദത്തോടെയാണ് ജനം പിവി അൻവറിനെ സ്വീകരിച്ചത്.

അലങ്കരിച്ച തുറന്ന ജീപ്പിൽ രാവിലെ ഒമ്പതിന‌് ആലങ്കോട് അട്ടേക്കുന്നത്തിയതോടെ അഭിവാദ്യമർപ്പിക്കാൻ അമ്മമാരും തൊഴിലാളികളുമടക്കം നൂറുകണക്കിനാളുകൾ കത്രിക ചിഹ്നമേന്തിയ പ്ലക്ക് കാർഡുകളുമായി തടിച്ചു കൂടി. വിജയത്തേരിലേറി തിരിച്ചുവരണമെന്ന് അമ്മമാർ തലയിൽകൈവച്ച് അനുഗ്രഹിച്ചു. ചുറ്റുംകൂടിയ വോട്ടർമാർക്കിടയിൽ സ്വതസിദ്ധമായ അൻവർ  ശൈലിയിൽ ഏതാനും വാക്കുകൾ. കാൽനട യാത്രക്കാരെയും കണ്ടു. വിജയമുറപ്പെന്ന മറുപടി വന്നതോടെ സ്ഥാനാർഥിക്കും തികഞ്ഞ ആത്മവിശ്വാസം. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളിൽ എൽഡിഎഫ് പ്രവർത്തകരും ഒപ്പം ചേർന്നു. പ്രിയപ്പെട്ട സ്ഥാനാർഥി വരുന്നതറിഞ്ഞ് വീടുകളിൽ നിന്ന‌് അമ്മമാരടക്കമുള്ളവർ കത്രിക ചിഹ്നമേന്തി  കവലകളിൽ കാത്തു നിന്നു. മുദ്രാവാക്യം വിളിച്ചും കൈയടിച്ചും ജനങ്ങൾ അഭിവാദ്യമർപ്പിച്ചതോടെ പ്രദേശത്താകെ ആവേശമായി.

ചെറുപ്പക്കാരും തൊഴിലാളികളും കൈ പിടിച്ച‌് വിജയാശംസകൾ അറിയിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ കത്രിക ചിഹ്നം അലങ്കരിച്ച പോസ്റ്ററുകളുമായി യുവാക്കളടക്കം വലിയ ജനക്കൂട്ടം, വാഹനങ്ങളിൽനിന്ന‌് സ‌്ത്രീകൾ കൈവീശി അഭിവാദ്യമർപ്പിച്ചു. റോഡ്ഷോ തെങ്ങണയിൽ എത്തിയപ്പോഴും  ആവേശം അലതല്ലി. കല്ലിടയിലും അഴീക്കലും വെടിക്കെട്ടോടെയായിരുന്നു വരവേൽപ്പ‌്. വിവിധ പ്രദേശങ്ങളിൽ  സാധാരണക്കാരും തൊഴിലാളികളും ഓടിയെത്തി വിജയാശംസകൾ നേർന്നു. നഗരത്തിൽ പ്രവേശിച്ചതോടെ ആവേശം അലകടലായി മാറി. വെളിങ്കോട് നഗരത്തിലേക്ക് എത്തിയ സ്ഥാനാർഥിക്ക് റോഡിനിരുഭാഗത്തും തിങ്ങിക്കൂടിയ വോട്ടർമാർ അഭിവാദ്യമർപ്പിച്ചു.

കോളേജ് വിദ്യാർഥികളും ഓട്ടോറിക്ഷാ തൊഴിലാളികളും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും കടയുടമകളും ചുമട്ടു തൊഴിലാളികളും പൂമാലയും രക്തഹാരവും അണിയിച്ച് ഹ‌ൃദ്യമായ സ്വീകരണം നൽകി. അലിയാർ പള്ളി പരിസരത്ത്  എത്തിയതോടെ നൂറു കണക്കിന് തൊഴിലാളികൾ ആശംസകൾ അർപ്പിച്ചു. സമാപനകേന്ദ്രമായ പൊന്നാനി നഗരം അക്ഷരാർത്ഥത്തിൽ പി വി അൻവറിന്റെ വിജയം ഉറപ്പിച്ചു.ഇടതു നേതാക്കളായ സൈനുദ്ദീൻ, ടി എം സിദ്ധിഖ്, പി കെ ഖലീമുദ്ദീൻ, റഫീഖ് മാറഞ്ചേരി, എന്നിവർ സംസാരിച്ചു

Share this post:

08/04/2019

മലപ്പുറത്ത് എട്ട് സ്ഥാനാര്‍ത്ഥികളും പൊന്നാനിയില്‍ 12 സ്ഥാനാര്‍ത്ഥികളുമാണ്  മത്സര രംഗത്തുള്ളത്. ഏപ്രില്‍ 23 നാണ് തെരഞ്ഞെടുപ്പ്.

മലപ്പുറം ലോകസഭാ മണ്ഡലം

1.വി.പി സാനു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), ചുറ്റിക അരിവാള്‍ നക്ഷത്രം, 2. പി.കെ കുഞ്ഞാലിക്കുട്ടി (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്), ഏണി, 3.ഉണ്ണികൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി), താമര, 4. അഡ്വ. പ്രവീണ്‍ കുമാര്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി), ആന, 5. അബ്ദുല്‍ മജീദ് ഫൈസി (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), ഓട്ടോറിക്ഷ, 6. അബ്ദുള്‍ സലാം കെ.പി (സ്വതന്ത്രന്‍) ഫുട്‌ബോള്‍, 7. നിസാര്‍ മേത്തര്‍ (സ്വതന്ത്രന്‍), കപ്പും സോസറും, 8. സനു എന്‍.കെ (സ്വതന്ത്രന്‍), മോതിരം.

പൊന്നാനി മണ്ഡലം

1. പി.വി. അന്‍വര്‍ പുത്തന്‍ വീട്ടില്‍ (സ്വതന്ത്രന്‍) കത്രിക, 2. ഇ.ടി മുഹമ്മദ് ബഷീര്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്) ഏണി, 3. രമ (ഭാരതീയ ജനത പാര്‍ട്ടി), താമര, 4. അഡ്വ. കെ.സി നസീര്‍ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), ഓട്ടോറിക്ഷ, 5. അന്‍വര്‍ പി.വി ആലുംകുഴി (സ്വതന്ത്രന്‍), കപ്പും സോസറും, 6. അന്‍വര്‍ പി.വി. റസീന മന്‍സില്‍(സ്വതന്ത്രന്‍), സ്റ്റാപ്‌ളര്‍, 7. ബിന്ദു(സ്വതന്ത്ര) അലമാര, 8. മുഹമ്മദ് ബഷീര്‍ കോഴിശ്ശേരി (സ്വതന്ത്രന്‍), ബാറ്റ്, 9. മുഹമ്മദ് ബഷീര്‍ നെച്ചിയന്‍ (സ്വതന്ത്രന്‍), ജനല്‍, 10. മുഹമ്മദ് ബഷീര്‍ മംഗലശ്ശേരി (സ്വതന്ത്രന്‍), ടിവി റിമോട്ട്, 11. സമീറ.പി.എ (സ്വതന്ത്ര), കട്ടിങ് പ്ലയര്‍, 12.പൂന്തുറ സിറാജ് (സ്വതന്ത്രന്‍), കുടം.

Share this post:

08/04/2019

പൊന്നാനി: മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ വീറും വാശിയും വെളിവാക്കി മുഖ്യസ്ഥാനാർഥികളുടെ അഞ്ച് അപരൻമാർ മത്സര രംഗത്ത്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന് പൊന്നാനി മണ്ഡലത്തിൽ എൽഡിഎഫിന്റെ ഡമ്മി സ്ഥാനാർഥിയടക്കം രണ്ട് പേരാണ് പത്രിക പിൻവലിച്ചത്. യുഡിഎഫിന്റെ ഡമ്മി സ്ഥാനാർഥിയുടെ പത്രിക നേരത്തെ തള്ളിയിരുന്നു. ഇതോടെ മത്സരിക്കുന്നവരുടെ ചിത്രം തെളിഞ്ഞു.

അഞ്ച് അപരൻമാരടക്കം 12 സ്ഥാനാർഥികളാണ് പൊന്നാനിയിൽ മത്സരിക്കുക. മൂന്ന് മുഹമ്മദ് ബഷീർമാരാണ് യുഡിഎഫ് സ്ഥാനാർഥിയുടെ അപരൻമാർ, അൻവർ പി.വി യും, അൻവറും എൽഡിഎഫ് സ്ഥാനാർഥിയുടെ അപരൻമാരായി രംഗത്തുണ്ട്. മലപ്പുറത്ത് എൽഡിഎഫ് സ്ഥാനാർഥിയുടെ അപരനായി കണ്ണമംഗലം സ്വദേശി സാനു എൻ.കെ യും മത്സരിക്കുന്നു.

പൊന്നാനിയിലെ സ്ഥാനാർഥികൾ

അന്‍വര്‍ പി.വി (സ്വതന്ത്രന്‍),   ഇ.ടി മുഹമ്മദ് ബഷീര്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്),  രമ (ഭാരതീയ ജനതാ പാര്‍ട്ടി),  ബിന്ദു(സ്വതന്ത്ര),  നസീര്‍ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ),  സമീറ.പി. എ (സ്വതന്ത്രന്‍), മുഹമ്മദ് ബഷീര്‍ (സ്വതന്ത്രന്‍), മുഹമ്മദ് ബഷീര്‍ (സ്വതന്ത്രന്‍), മുഹമ്മദ് ബഷീര്‍ (സ്വതന്ത്രന്‍), സിറാജുദ്ദീന്‍ (സ്വതന്ത്രന്‍),  അന്‍വര്‍. പി.വി (സ്വതന്ത്രന്‍), അന്‍വര്‍(സ്വതന്ത്രന്‍) 

Share this post:

08/04/2019

മലപ്പുറം:ലോകസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലേക്ക് അനധികൃതമായി എത്തുന്ന പണം പിടിച്ചെടുക്കുന്നതിനായി രൂപീകരിച്ച സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ 55,48,158 ലക്ഷം രൂപ പിടിച്ചെടുത്തു. 16 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങളിലായി ഫ്‌ളയിങ് സ്‌ക്വാഡും സ്റ്റാറ്റിക് സര്‍വെയലന്‍സ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.

മഞ്ചേരി, തവനൂര്‍, മലപ്പുറം, വേങ്ങര, മങ്കട, ഏറനാട്, കൊണ്ടോട്ടി, കോട്ടക്കല്‍, പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍ മണ്ഡലങ്ങളിലായി സ്റ്റാറ്റിക് സര്‍വയലന്‍സ് സ്‌ക്വാഡ് 42,42, 142 ലക്ഷം രൂപയും, ഫ്‌ളയിങ് സ്‌ക്വാഡ് 12,70,016 ലക്ഷം രൂപയും പിടിച്ചെടുത്തു. തവനൂര്‍ മണ്ഡലത്തില്‍ നടത്തിയ പരിശോധനയിലാണ് ഫ്‌ളയിങ് സ്‌ക്വാഡ് ഏറ്റവും കൂടുതല്‍ പണം കണ്ടെത്തിയത്. 3,72,000 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. മങ്കലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ രാജശേഖരന്‍, തവനൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ മിനി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തവനൂരില്‍ ഏറ്റവും കൂടുതല്‍ പണം കണ്ടെടുത്തത്.

സ്റ്റാറ്റിക് സര്‍വയലന്‍സ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത്. 18,15,300 ലക്ഷം രൂപയാണ് സ്റ്റാറ്റിക് സര്‍വെയലന്‍സിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ.വി ഗീതക്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയറാം നായിക് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Share this post:

06/05/2019

താനൂർ:ആവേശം നിറച്ച് പൊന്നാനി ലോക്സഭാ മണ്ഡലം ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിന്റെ താനൂർ നിയോജക മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം. രാവിലെ 8 മുതൽ ആരംഭിച്ച പ്രചാരണം രാത്രി ഏറെ വൈകിയാണ് സമാപിച്ചത്. രാവിലെ മുതൽ ഉച്ചവരെ ചക്കരമൂല, ആക്കിത്തടം കോളനി, കോരങ്ങത്ത്, പട്ടരുപറമ്പ്, കുണ്ടുങ്ങൽ, പി വി ബിൽഡിംങ്ങ്, പുത്തൻതെരു, ഓണക്കാട് എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിൽ പങ്കെടുത്തു.

ഉച്ചയ്ക്ക് ശേഷം കോറാട് നിന്നാരംഭിച്ച റോഡ് ഷോ തലക്കട്ടൂർ, പറപ്പാറപ്പുറം, കാവപ്പുര, കുറ്റിപ്പാല, ആലംകുണ്ട്, ഇരിങ്ങാവൂർ , വാണിയന്നൂർ, പകര, താനാളൂർ, മീനടത്തൂർ , മൂച്ചിക്കൽ, ഉണ്യാൽ, പുതിയ കടപ്പുറം, ചീരാൻ കടപ്പുറം, വാഴക്കത്തെരു, ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കണ്ണന്തളിയിൽ സമാപിച്ചു. പി വി ബിൽഡിങ്ങ് പരിസരത്ത് കണിത്താലം നൽകിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.

ഓരോ സ്വീകരണ കേന്ദ്രത്തിലും നൂറുകണക്കിനാളുകളാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാനായി തടിച്ചുകൂടിയിരുന്നു. കണിക്കൊന്നകൊണ്ട് നിർമിച്ച കൂറ്റൻ മാലയിട്ടാണ് കോറാടുള്ള എൽഡിഎഫ് പ്രവർത്തകർ സ്വീകരിച്ചതെങ്കിൽ പഴക്കുല നൽകിയായിരുന്നു തലക്കട്ടൂരിലെ പ്രവർത്തകർ ശ്രദ്ധേയരായത്. പറപ്പാറപ്പുറത്ത് തേൻവരിക്ക ചുളയാണ് നൽകിയത്.

ഉച്ചക്ക് ശേഷം നടന്ന റോഡ് ഷോയിൽ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളാണ് സ്ഥാനാർത്ഥിയ്ക്കൊപ്പം അണിനിരന്നത്.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ താനൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മേച്ചേരി സൈതലവി, കൺവീനർ വി അബ്ദുറസാഖ്, എൽഡിഎഫ് മണ്ഡലം കൺവീനർ ഒ സുരേഷ്ബാബു, കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി നാദിർഷ കടായിക്കൽ, റഫീഖ് മീനടത്തൂർ, എ പി രാമൻ, ഫസൽ താനൂർ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ടി ശശി, എം അനിൽകുമാർ, പി രാജേഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെവിഎ കാദർ, പികെഎസ് ഏരിയ സെക്രട്ടറി കെ പി ഷാജി, ഐഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.

Share this post:

14/03/2019

കോട്ടക്കല്‍: പൊന്നാനി ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീന്റെ തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരിൽ കണ്ട് അനുഗ്രഹവും പിന്തുണയും അഭ്യര്‍ത്ഥിക്കാനാണ് ഇന്നലെ സ്ഥാനാർത്ഥി സമയം ചിലവഴിച്ചത്.

രാവിലെ പതിനൊന്ന് മണിയോടെ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്റെ വസതിയില്‍ എത്തിയ ഇ.ടിയെ രാധാകൃഷ്ണനും കുടുംബവും സ്വീകരിച്ചു. അരമണിക്കൂറോളം അവിടെ ചെലവഴിച്ചു. തുടര്‍ന്ന് ആലത്തിയൂരിലെ പുരാതന തറവാടായ നമ്പില്ലം മനയില്‍ സന്ദര്‍ശനം നടത്തി. ഇവിടെയും ഹൃദ്യമായ സ്വീകരണമാണ് ഇ.ടിക്ക് ലഭിച്ചത്. ഉച്ചക്ക് ശേഷം മഹാകവി അക്കിത്തതിന്റെ വസതിയില്‍ എത്തി അന്തരിച്ച അക്കിത്തതിന്റെ ഭാര്യ ശ്രീദേവി അന്തര്‍ജനത്തിന് അന്ത്യോപചാരം അര്‍പ്പിച്ചു.
തുടര്‍ന്ന് വൈകുന്നേരം വിവിധ മണ്ഡലം കണ്‍വെന്‍ഷനുകളില്‍ സംബന്ധിച്ചു. യു.ഡി.എഫ് നേതാക്കളായ കുറുക്കോളി മൊയ്തീന്‍ എം. അബ്ദുള്ളകുട്ടി ആര്‍.കെ ഹമീദ് റഹീം മാസ്റ്റര്‍ മുജീബ് ശാജി എന്നിവര്‍ ഇ.ടിയെ അനുഗമിച്ചു.

Share this post: